Newsskerala

ബിജെപി കിറ്റ് വിതരണം ചെയ്യുന്നതായി കോണ്‍ഗ്രസ്, തൃശൂര്‍ വാടാനപ്പള്ളിയില്‍ സംഘര്‍ഷം

തൃശൂര്‍: മണലൂര്‍ നിയോജകമണ്ഡലത്തില്‍ വ്യാപകമായി ബിജെപിയുടെ നേതൃത്വത്തില്‍ വിഷുകിറ്റ് വിതരണം ചെയ്യുന്നതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിറ്റ് തയ്യാറാക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് വളഞ്ഞു.  നാലായിരത്തോളം കിറ്റുകള്‍ ഇവിടെ തയ്യാറാക്കിയതായി ടി.എന്‍.പ്രതാപന്‍ ആരോപിച്ചു. മണലൂര്‍ മണ്ഡലത്തില്‍ പതിനയ്യായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യാനാണ് പരിപാടിയെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തിലാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇലക്ഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി. അടച്ചിട്ട സൂപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളില്‍  ബിജെപി നേതാക്കള്‍ ഉണ്ടെന്നും അവരെ കസ്റ്റഡിയിലെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മണലൂരില്‍ സ്ത്രീകള്‍ക്ക് സെറ്റ് സാരി നല്‍കിയതായും പരാതിയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.രവീന്ദ്രനാഥനും സ്ഥലത്തെത്തിയിട്ടുണ്ട്്. കെ.കെ.അനീഷ്‌കുമാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജെപി വിഷുകിറ്റ് നല്‍കിയിരുന്നതായി പരാതിയുണ്ടായിരുന്നു. തൃശൂര്‍ വെസ്റ്റ് പോലീസ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *