Newsskerala

തൃശൂരിലെ അക്വാറ്റിക് കോംപ്ലക്‌സ് ശോചനീയാവസ്ഥയില്‍, കണ്ണടച്ച് കായികമന്ത്രാലയം

തൃശൂര്‍: വര്‍ഷങ്ങളായി തൃശൂരിലെ അക്വാറ്റിക് കോംപ്ലക്‌സിന്റെ സ്ഥിതി അതീവശോചനീയമാണ്. ഇക്കാര്യം മാധ്യമങ്ങളടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികാരികള്‍ അനങ്ങിയിരുന്നില്ല. നീന്തല്‍ക്കുളത്തിന് സമീപത്തെ ഗ്യാലറിയിലെ മേല്‍ക്കുര വീണ് ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റപ്പോഴാണ് കായികമന്ത്രിയടക്കം ഉറക്കമുണര്‍ന്നത്.
അപകടത്തിനു പിന്നാലെ അടച്ചുപൂട്ടിയ വേദി മന്ത്രിയുടെ സന്ദര്‍ശനത്തോടെ തുറന്നു നല്‍കിയപ്പോഴാണ് അക്വാറ്റിക്‌സ് കോംപ്ലക്‌സിന്റെ  ശോച്യാവസ്ഥ പുറംലോകം അറിഞ്ഞത്. അപകടമുണ്ടായപ്പോള്‍ പോലീസ് മാധ്യമങ്ങളെ അകത്തുകയറ്റിയിരുന്നില്ല. കോംപ്ലക്‌സിന്റെ  പലയിടങ്ങളും കോണ്‍ക്രീറ്റ് അടര്‍ന്ന് ജീര്‍ണാവസ്ഥയിലാണ്.  നീന്തല്‍ക്കുളത്തിന്റെ  മുകള്‍ഭാഗമടക്കം മത്സരാര്‍ഥികളുടെ മേല്‍ വീഴാതിരിക്കാന്‍ വല വിരിച്ചിട്ടുണ്ട്്.  താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിന്റെ ഷീറ്റുകളും ഇളകുന്നുണ്ടായിരുന്നു.  കെട്ടിട സമുച്ചയത്തിന്റെ  പല ഭാഗങ്ങളും  ഡൈവിംഗ് പൂള്‍, കുട്ടികളുടെ പൂള്‍ എന്നിവയെല്ലാം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്.
1987-ലെ ദേശീയ ഗെയിംസിന് വേണ്ടിയാണ്  അക്വാറ്റിക്‌സ് കോംപ്ലക്‌സ് നിര്‍മിച്ചത്. കുട്ടികള്‍ക്കടക്കം രണ്ടു നീന്തല്‍കുളം, ഡൈവിംഗ് പൂള്‍ എന്നിവ ഇവിടെയുണ്ട്. ഷൂട്ടിംഗ്, ബോക്‌സിംഗ്, ജൂഡോ, ബാഡ്മിന്റണ്‍, പവര്‍ ലിഫ്റ്റിംഗ് ഉള്‍പ്പടെ വിവിധ കായിക ഇനങ്ങളുടെ പരിശീലന കേന്ദ്രം കൂടിയാണിത്. സൗകര്യങ്ങള്‍ പേരിന് മാത്രം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ  കാലത്ത് എ.സി. മൊയ്തീന്‍ കായിക മന്ത്രിയായിരുന്നപ്പോള്‍ എട്ടുകോടിയോളം രൂപ അക്വാറ്റിക്‌സ് കോംപ്ലക്‌സിന്റെ  നവീകരണത്തിന് അനുവദിച്ചിരുന്നു. കുട്ടികളുടെ നീന്തല്‍ക്കുളം നവീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിലെ പല ഭാഗങ്ങളിലെ ടൈലുകള്‍ പൊളിച്ച് പുതിയത് സ്ഥാപിച്ചത് ഒഴിച്ചാല്‍ നവീകരണമില്ല. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണു രൂപരേഖയുണ്ടാക്കിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ എട്ടുട്രാക്കുള്ള നീന്തല്‍ കുളത്തില്‍ സ്ഥലസൗകര്യമുണ്ടെങ്കിലും പത്തു ട്രാക്കിലേക്കു വികസിപ്പിച്ചില്ല. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്തണമെങ്കില്‍ പത്ത് ട്രാക്കുകള്‍ വേണം. സ്ഥിരം മേല്‍ക്കൂര നിര്‍മ്മിച്ചാല്‍ പൂളിനു ചുറ്റുമുള്ള ഭാഗങ്ങള്‍ സംരക്ഷിക്കാനും കഴിയും.
വെള്ളം മാറ്റാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഡൈവിംഗ് പൂള്‍ ഉപയോഗശൂന്യമാണ്. കൃത്യമായി പരിപാലിച്ചാല്‍ ഇവിടം വാട്ടര്‍ പോളോ അടക്കമുള്ളവയ്ക്കു നല്‍കാന്‍ കഴിയും. പ്രധാന നീന്തല്‍ക്കുളം ജനങ്ങള്‍ക്കു പരിശീലനത്തിനും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുമെന്നു കായികപ്രേമികള്‍ പറയുന്നു. റൈഫിള്‍ അസോസിയേഷന്‍, ക്രിക്കറ്റ് അസോസിയേഷന്‍, ഫുട്‌ബോള്‍ അസോസിയേഷന്‍, അത്ലറ്റിക് അസോസിയേഷന്‍, ജൂഡോ, ചെസ് അക്കാഡമി, ബോക്‌സിംഗ്, ഷട്ടില്‍ അസോസിയേഷന്‍, ഒളിമ്പിക്് അസോസിയേഷന്‍, പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്‍, വോളിബോള്‍ അസോസിയേഷന്‍ എന്നിവ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുണ്ട്്. തൃശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലാണ് അഞ്ചേക്കറിലുള്ള അക്വാറ്റിക് കോംപ്ലക്‌സ്.

Leave a Comment

Your email address will not be published. Required fields are marked *