കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്‌ഐടിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് എസ്‌ഐടി സംഘം നോട്ടീസ് നല്‍കി. ഹസന്‍ വാരിസ്, നിഖില്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ ചെയ്തത്. ഹവാലയുമായി ബന്ധപ്പെട്ടാകും എസ്‌ഐടിയുടെ ആദ്യ അന്വേഷണം. ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകള്‍ പരിശോധിക്കുകയാണ് എസ്‌ഐടിയുടെ ആദ്യ ദൗത്യം. അന്വേഷണത്തിന് ശേഷം നിയമവൃത്തങ്ങളുമായി ആലോചിച്ചാകും കേസ് എടുക്കുന്നതില്‍ തീരുമാനം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പ്രത്യേക വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം ആലോചിക്കും.








