ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീട്ടില്‍ തയാറാക്കിയ നൂഡില്‍സ് കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ചു. പീഹു കുമാവത് (ഏഴ്) ആണ് മരിച്ചത്.
കുട്ടിയുടെ മൂത്ത സഹോദരിയെ അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവംബര്‍ 19നാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പീഹുവും സഹോദരി ദിവ്യാന്ഷിയും ചേര്‍ന്ന് നൂഡില്‍സ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഉറങ്ങിപ്പോയി. വൈകുന്നേരം മൂന്ന് മണിയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. ദിവ്യാന്‍ഷി ദേഹാസ്വാസ്ഥ്യത്തോടെ ഉണര്‍ന്നെങ്കിലും പീഹു അബോധാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.
ഉടന്‍തന്നെ വീട്ടുകാര്‍ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പീഹുവിന്റെ ജീവന് രക്ഷിക്കാനായില്ല. ചികിത്സയ്ക്ക് ശേഷം ദിവ്യാന്‍ഷി വെള്ളിയാഴ്ച രാവിലെ ആശുപത്രി വിട്ടു.
പ്രാഥമിക അന്വേഷണത്തില്‍ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത കര്ധനി പൊലിസ്, കുട്ടികള്‍ കഴിച്ച നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ സഹോദരന് ഗോവിന്ദ് അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി





