Newsskerala

വടൂക്കരയില്‍ നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഗേറ്റ് കീപ്പര്‍മാര്‍ പിടിയില്‍

തൃശൂര്‍: ഡ്യൂട്ടിക്കിടെ മദ്യപിച്ച് റെയില്‍വേ ഗേറ്റ് അടച്ചും തുറന്നും പരിഭ്രാന്തി പരത്തുകയും, ഇത് ചോദ്യം ചെയ്ത നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് റെയില്‍വേ ഗേറ്റ് കീപ്പര്‍മാര്‍ പിടിയില്‍. വടൂക്കര റെയില്‍വേ ഗേറ്റില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
റെയില്‍വേ ജീവനക്കാരായ രാജേഷ്, ബിനു എന്നിവരെയാണ് നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ നെടുപുഴ റെയില്‍വേ ഗേറ്റിലെയും മറ്റൊരാള്‍ വടൂക്കര ഗേറ്റിലെയും ജീവനക്കാരനാണ്. വടൂക്കര റെയില്‍വേ ഗേറ്റിന് സമീപമുള്ള ഷെഡിലിരുന്ന് ഇരുവരും മദ്യപിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. മദ്യലഹരിയിലായിരുന്ന ജീവനക്കാര്‍ കാരണമൊന്നുമില്ലാതെ റെയില്‍വേ ഗേറ്റ് ആവര്‍ത്തിച്ച് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ ഇരുവരും റെയില്‍വേ ഷെഡില്‍ കാടുവെട്ടാന്‍ സൂക്ഷിച്ചിരുന്ന നീളമുള്ള വാക്കത്തി പോലുള്ള ആയുധമെടുത്ത് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുപുഴ പൊലീസ് സ്ഥലത്തെത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ പിന്നീട് റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തിന് തടസ്സമൊന്നും നേരിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാര്‍ക്കെതിരെ റെയില്‍വേ അധികൃതര്‍ വകുപ്പുതല അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *