തൃശൂര്‍: ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിന്റെ പേരില്‍ ഡി.സി.സി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡി.സി.സി സെക്രട്ടറി സജീവന് കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേര്‍ന്ന് തടഞ്ഞുവച്ചു, മര്‍ദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
കൈയ്യാങ്കളിയില്‍ കോണ്‍ഗ്രസില്‍ അടിയന്തര നടപടിക്ക്്്് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ചാലക്കുടി എം.പി ബെന്നി ബഹനാന്റെ തൃശൂരിലെത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ദില്ലിലുള്ള കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോര്‍ട്ടു നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ ഡി.സി.സി ഓഫീസിലെ കൈയ്യാങ്കളിയില്‍ കര്‍ശന നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വൈകിട്ട് കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്റെ തോല്‍വി, തല്ല് എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ സി വേണുഗോപാല്‍, വി ഡി സതീശന്, കെ സുധാകരന്, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഡി.സി.സി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ നടപടി വേണമെന്നും പാര്‍ട്ടി നേതൃത്വം നടപടി എടുക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സജീവന് കുരിയച്ചിറ പറഞ്ഞു.
കെ മുരളീധരന് പക്ഷക്കാരുമായും ഡി.സി.സി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ പക്ഷക്കാരുമായും പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയില്‍ കലാശിച്ചത്.