കൊച്ചി: കോതമംഗലം എം എ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥി സമരം ശക്തം. രാവിലെ കോളേജ് സെക്രട്ടറി ബിന്നി വര്‍ഗീസിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മിച്ചി മര്‍പ്പുവിന്റെ മരണത്തിന് പിന്നാലെ മാനേജ്‌മെന്റ് ഉറപ്പു നല്‍കിയ കാര്യങ്ങള്‍ രേഖാമൂലം പ്രസിദ്ധീകരിക്കണമെന്നും, മകനെ നഷ്ടപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും, വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും സമരത്തിന്റെ ഭാഗമാകുമെന്ന് വിദ്യാര്‍ഥി കൂട്ടായ്മ അറിയിച്ചു. വിഷയങ്ങളില്‍ തീരുമാനമാകുന്നതുവരെ കോളജിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. മിച്ചിയുടെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോതമംഗലം എം എ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ്. സേ പരീക്ഷ ഫീസ് 6000 ത്തില്‍ നിന്ന് 1000 ആക്കി കുറച്ചു. കെടിയു നിര്‍ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഉത്തരവില്‍ കോളജ് അധികൃതര്‍ സമ്മതിച്ചു. വിദ്യാര്‍ഥി അക്കാദമി കൗണ്‍സില്‍ യോഗങ്ങള്‍ കൃത്യമായി വിളിച്ചു ചേര്‍ക്കും എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരത്തെ കുറഞ്ഞ ക്രെഡിറ്റിന്റെ പുറത്ത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കുമെന്ന് ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.












