Newsskerala

ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണല്‍ പകുതി പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ബി.ജെ.പി വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. ഇതോടെ 15 വര്‍ഷം നീണ്ട മമത ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

294 അംഗ നിയമസഭയില്‍ ഭരണം പിടിക്കാന്‍ വേണ്ട 148 സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി അതിവേഗം അടുക്കുകയാണ്. വോട്ടര്‍ പട്ടികയിലെ പ്രത്യേക പരിശോധനയിലൂടെ ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയത്തെ അഭിമുഖീകരിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയും മുന്‍ വിശ്വസ്തനും നിലവിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് ബംഗാളില്‍ ഉടനീളം ദൃശ്യമാകുന്നത്.

ബംഗാളില്‍ ആകെ സീറ്റുകള്‍ 294 ആണ്. ഭൂരിപക്ഷത്തിന് വേണ്ടത് 148. കഴിഞ്ഞ തവണ 215 സീറ്റുകള്‍ നേടി തൃണമൂല്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ ബി.ജെ.പി 77 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി മാറിയിരുന്നു. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കഴിഞ്ഞ തവണ സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ തവണ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനര്‍ജി പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഭവാനിപൂരില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ ഇത്തവണ സുവേന്ദു അധികാരി ഭവാനിപൂരിലെത്തി മമതയെ നേരിട്ടത് പോരാട്ടം കടുപ്പിച്ചു. മമതയുടെ വീട്ടുപടിക്കല്‍ പോരാട്ടം എത്തിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചുവെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂണ്‍ കബീര്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയും ഇത്തവണ ബംഗാള്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരുന്നു.

ബാബറി മസ്ജിദിന്റെ പേരില്‍ പള്ളി പണിയുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വോട്ടുവിഹിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബംഗാള്‍ ജനത മാറ്റത്തിന് വോട്ട് ചെയ്തുവെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ പകുതി നല്‍കുന്ന സൂചന.

Leave a Comment

Your email address will not be published. Required fields are marked *