Newsskerala

മുഖ്യമന്ത്രി ചര്‍ച്ച; എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം പറയാന്‍ അവസരമൊരുക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ഡല്‍ഹിയിലും, തിരുവനന്തപുരത്തും നാടകീയനീക്കങ്ങള്‍. 10-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. കോണ്‍ഗ്രസ്. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ എംഎല്‍എമാര്‍ക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാന്‍ അവസരമൊരുക്കണമെന്ന്്് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. നിരീക്ഷകര്‍ അല്ലാത്തവര്‍ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ദീപ ദാസ് മുന്‍ഷി ഉണ്ടാകാന്‍ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശന് വേണ്ടി സോണിയാ ഗാന്ധിക്ക് ഇ-മെയില്‍ സന്ദേശം അയക്കാന്‍ സതീശന്റെ അനുയായികള്‍ തീരുമാനിച്ചിട്ടുണ്ട്്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ആഹ്വാനം. സന്ദേശത്തിന്റെ പകര്‍പ്പും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി അര്‍ഹനാണ് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എംപിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും ആവശ്യം. അഞ്ചുവര്‍ഷം നിലത്തിറങ്ങി പോരാട്ടം നയിച്ച നേതാവാണ് വി ഡിയെന്നും സന്ദേശത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *