Newsskerala

തൃശ്ശൂരില്‍ ആനയിടഞ്ഞ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂരില്‍ ആന ഓടിയതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. തൃശൂര്‍ ഡി.എഫ്.ഒയ്ക്കും സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫിനോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തഹസില്‍ദാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ആന ഓടുന്നുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഡാര്‍ട്ടിങ് പ്രായോഗികമായ സാഹചര്യം സാധ്യമല്ലായിരുന്നു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരോട് വാഹനങ്ങളുടെയും മറ്റു വസ്തുക്കളുടെയും നഷ്ടം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെതാണ് ആന. ആനയെ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം കിട്ടുമെന്ന് ഉറപ്പുവരുത്തും. നിയമ ലംഘനങ്ങള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെയും സോഷ്യല്‍ ഫോറസ്റ്ററി എ.സി.എഫിന്റെയും റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കും. സംഭവത്തെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ അടിയന്തര യോഗം ചേര്‍ന്ന് റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങാവ് വില്ലേജ് പരിധിയിലെ 5 സ്‌കൂട്ടറുകള്‍ക്കും ഒരു കാറിനും നാശനഷ്ടം സംഭവിച്ചു. 5 വീടുകളുടെ കോമ്പൗണ്ട് വാളുകള്‍ക്കും നഷ്ടം സംഭവിച്ചു. തൃശ്ശൂര്‍ വില്ലേജ് ഓഫീസ് പരിധിയിലെ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശ ട്രസ് വര്‍ക്ക് ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു കാറിനും ഒരു ഓട്ടോറിക്ഷക്കും നാശനഷ്ടം സംഭവിച്ചു. ടൗണ്‍ഹാള്‍ ഫെന്‍സിംഗ് ഗ്രില്‍ ഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *