കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. കാറിനുള്ളില്‍നിന്ന് പെട്രോള്‍ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് സൂചന.
പെട്രോള്‍ വാങ്ങി പോകുമ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒരു സ്ത്രീ പെട്രോള്‍ വാങ്ങി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രജിന്‍ലാലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കാറില്‍ പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോള്‍ മണക്കുന്നതെന്ന് ചോദിപ്പോഴേയ്ക്കും തീ പടര്‍ന്നു എന്നാണ് ഇയാളുടെ മൊഴി. ഇതെങ്ങനെ വന്നുവെന്ന കാര്യമാണ് ഇനി സ്ഥിരീകരിക്കേണ്ടത്. ഇക്കാര്യത്തിലും നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്നാണ് വിവരം. ഔദ്യോഗികമായി പോലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കുറച്ചുകൂടി സ്ഥിരീകരണത്തിനായി കാത്തുനില്‍ക്കുകയാണ്. അടുത്തദിവസംതന്നെ പൂര്‍ണവിവരം പറയാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഉള്‍വശം മാത്രം കത്തിയതിനാല്‍ ആദ്യംമുതലേ തീപ്പിടിത്തത്തില്‍ ദുരൂഹത പോലീസ് സംശയിച്ചിരുന്നു. ബോണറ്റിലെ എന്ജിന് ഭാഗത്തോ ഡീസല്‍ ടാങ്കുള്ള ഭാഗത്തോ കത്തിയിരുന്നില്ല. കാറില്‍നിന്ന് ലഭിച്ച ബാഗിന്റെ അവശിഷ്ടമടക്കമുള്ള വസ്തുക്കളെല്ലാം ഫൊറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. പെട്രോള്‍ നിറച്ചതെന്ന് സംശയിക്കുന്ന കാനിന്റെ അടപ്പും പോലീസിന് വാഹനത്തില്‍നിന്ന് ലഭിച്ചതായാണ് വിവരം.
കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍














