തൃശ്ശൂർ: ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും കോടതികൾ നടത്തുന്ന അമിതമായ ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതികൾ ഇടപെടുന്ന സാഹചര്യം പുനഃപരിശോധിക്കേണ്ട സമയമായെന്നും, ഇത്തരത്തിലുള്ള ഇടപെടലുകൾ ദേവസ്വം ബോർഡുകളുടെയും ഭക്തജനങ്ങളുടെയും പങ്ക് പരിമിതപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂർ വടക്കുനാഥക്ഷേത്രം പടിഞ്ഞാറെ നടയിൽ പുതിയ അൽ മരം നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി . ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രധാന വിമർശനം. ശബരിമലയിൽ അവിടെയുള്ള ദേവസ്വം ബോർഡിനോ സർക്കാരിനോ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണുള്ളത്. ക്ഷേത്രങ്ങളിൽ ഏത് പൂവ് ഉപയോഗിക്കണമെന്നതുപോലുള്ള അതീവ ആചാരപരമായ കാര്യങ്ങളിൽ വരെ ഹൈക്കോടതി നേരിട്ട് നിർദേശം നൽകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും മന്ത്രി കെ. മുരളീധരൻ തുറന്നടിച്ചു. ക്ഷേത്രങ്ങളുടെ ആചാര-ഭരണ കാര്യങ്ങളിൽ കോടതിയുടെ ഇടപെടലിന്റെ പരിധി എത്രത്തോളമാകാം എന്നത് സംബന്ധിച്ച് സമൂഹത്തിൽ ഗൗരവമായ ചർച്ച നടക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ഷേത്രകാര്യങ്ങളിൽ അമിത ഇടപെടൽ കോടതിക്കെതിരെ മന്ത്രി കെ. മുരളീധരൻ








