Newsskerala

കാലടിയില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി , വിസിക്ക് കനത്ത തിരിച്ചടി

കൊച്ചി: കാലടി സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവിധി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടും റദ്ദാക്കിയിട്ടുണ്ട്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരമിരിക്കുന്ന വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കും. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ട് 84 ദിവസം പിന്നിട്ടപ്പോഴാണ് വിധി എത്തിയത്. നിരാഹാര സമരം 22 ദിവസം പിന്നിടുന്ന വേളയിലാണ് അനുകൂല വിധി എത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറയാന്‍ സര്‍വകലാശാല എടുത്ത തീരുമാനവും റദ്ദാക്കി. വിദ്യാര്‍ത്ഥികളെ ഇന്ന് തന്നെ ക്യാമ്പസില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും നടപടി പാലിച്ച് പുതിയ അന്വേഷണം സര്‍വകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. 84 ദിവസത്തെ സസ്‌പെന്‍ഷന്‍ കാലയളവ് ഇതില്‍ പരിഗണിക്കണം. പുതിയ അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാന്‍ ഉള്ള അവസരമാകരുതതെന്നും ഉത്തരവില്‍ പറയുന്നു.
സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍വ്വകലാശാല ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ  പരിഗണനക്ക് വന്നത്.

Leave a Comment

Your email address will not be published. Required fields are marked *