തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്ന് തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച്് ചാടിപ്പോയ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് പൊളളാച്ചിയിലെന്ന്്് സൂചന. പാലക്കാട്ടേക്കാണ് ബാലമുരുകന് രക്ഷപ്പെട്ടത്. തൃശൂരില്‍ നിന്നുള്ള പോലീസ് സംഘവും, തമിഴ്നാട് പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തെങ്കാശിയിലും, പൊള്ളാച്ചിയിലും തിരച്ചില്‍ നടത്തും.
ആലത്തൂരില്‍ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്നുള്ള സിസി ടിവിയില്‍ ബാലമുരുകന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കൈവിലങ്ങില്ലാതെയാണ് ബാലമുരുകന് പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ബാലമുരുകന് ചാടിപ്പോകുന്നത്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തമിഴ്നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
തമിഴ്നാട് പൊലീസ് ബാലമുരുകന് സുരക്ഷ ഒരുക്കാത്തത് ദൃശ്യങ്ങളിലുണ്ട്്. വിയ്യൂര്‍ ജയിലില്‍ നിന്ന് 50 മീറ്റര്‍ മാത്രം ദൂരത്തുവച്ചാണ് ഇയാള്‍ ചാടിപ്പോകുന്നത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തൃശൂര്‍ നഗരത്തിലും ജില്ലാ അതിര്‍ത്തികളിലും തിരച്ചില്‍ നടത്തുന്നത്.
തെങ്കാശി സ്വദേശിയാണ് ബാലമുരുകന്. കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച വിയ്യൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോയത്. എസ്ഐ നാഗരാജനും രണ്ട് പൊലീസുകാരും ചേര്‍ന്ന് ഇയാളെ തിരികെ എത്തിക്കുമ്പോഴാണ് പ്രതി ചാടിപ്പോയത്. മറയൂരിലെ മോഷണക്കേസിലും ബാലമുരുകന് പ്രതിയാണ്.














