Newsskerala

നിതിന്റെ മരണം: ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍ പല ജില്ലകളിലും വാഹനങ്ങള്‍ തടഞ്ഞു,

ത
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ  മരണത്തില്‍ പ്രതിഷേധിച്ച്,  നീതി ആവശ്യപ്പെട്ട്  ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍  ജനം  ദുരിതത്തിലായി. സമരാനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതം സ്തംഭിച്ചത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതല്‍ കണിയാപുരം വരെ രാവിലെ ഗതാഗതം സ്്തംഭിച്ചു.  വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് എന്‍ട്രസ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കില്‍ കുടുങ്ങി. പലര്‍ക്കും  ഒന്‍പത് മണിയായിട്ടും പരീക്ഷ കേന്ദ്രത്തില്‍ എത്താനായില്ല.
നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസുകളടക്കം കടത്തിവിട്ടില്ല.
റോഡില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത്  സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നില്‍ പൊലീസും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.   നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പള്ളിപ്പുറം സിആര്‍പിഎഫ് ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ പ്രതിഷേധിച്ചു.
പയ്യന്നൂര്‍ നഗരത്തിലും കണ്ണൂര്‍ നഗരത്തിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പഴയങ്ങാടിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ദളിത് സംഘടന പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടയുന്നത്.  കൊല്ലം കുണ്ടറ മുളവനയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൊടുപുഴയില്‍ ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സ്വകാര്യ വാഹനങ്ങളും ബസുകളും തടഞ്ഞു. പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടില്ല. സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. ഗ്രാമീണ മേഖലകളിലേക്കുള്ള ബസുകള്‍ എല്ലാം തന്നെ ഓടുന്നുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട് ഉള്ളിയേരിയില്‍ സമരാനുകൂലികള്‍ സ്വകാര്യ ബസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. ആലപ്പുഴയില്‍ ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകള്‍, ഹോട്ടലുകള്‍ പലതും തുറന്നു തുടങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഉണ്ട്, ഓട്ടോ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസിയും ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്നുണ്ട്. പലയിടത്തും കടകള്‍ അടച്ചിട്ടു. തൃശൂരില്‍ കാര്യമായ പ്രതിഷേധം ഉണ്ടായില്ല. വാഹനങ്ങള്‍ ഓടുന്നുണ്ട്്.

Leave a Comment

Your email address will not be published. Required fields are marked *