ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.
ഗ്വാളിയോറില്‍ നിന്നു ഉത്തര്‍പ്രദേശിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാനായിരുന്നു അപകടത്തില്‍പ്പെട്ടത്. ഭിന്ദ്-ഗ്വാളിയോര്‍ ദേശീയപാതയില്‍ ചീംക ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡിലേക്ക് വന്ന കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനിന്റെ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാന്‍ പൂര്‍ണമായി തകരുകയും നിരവധി തൊഴിലാളികള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ചും മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ 32 പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












