തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോരില്‍ സമവായത്തിനായി ഇടപെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. അനുനയ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി രാജ്മോഹന്‍ ഉണ്ണിത്താനുമായും ഷാഫി പറമ്പിലുമായും ആശയവിനിമയം നടത്തി. ഇരുവരോടും തര്‍ക്കം അവസാനിപ്പിക്കാന്‍ ദീപ ദാസ് മുന്‍ഷി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ്മോഹന്‍ ഉണ്ണിത്താനുമായി സംസാരിച്ചു. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പുറത്താക്കണമെന്ന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. അതേസമയം ഉണ്ണിത്താന്റെ വിമര്‍ശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കൂടുതല്‍ യുവനേതാക്കള്‍ രംഗത്ത് വന്നു.പരസ്യ പ്രതികരണം പാടില്ല എന്നാണ് ഇരു നേതാക്കള്‍ക്കും ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ പ്രധാന ആവശ്യം കാസര്‍കോട് ഡിസിസി അധ്യക്ഷനെതിരെ നടപടി എടുക്കണമെന്നാണ്. തനിക്കെതിരെ ആദ്യം സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണത്തിന് കാരണമായത് ഡിസിസി അധ്യക്ഷനാണ്. ഡിസിസി അധ്യക്ഷന്‍ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നും സാമൂഹ്യമാധ്യമങ്ങളില്‍ അത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കി എന്നുമാണ് ഉണ്ണിത്താന്റെ പരാതി. കൂടാതെ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ഉണ്ണിത്താന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാത്രമേ താന്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തൂ എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്നാണ് ദീപ ദാസ് മുന്‍ഷി ഉണ്ണിത്താനെ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിലെ ചേരിപ്പോര് : ഇടപെട്ട് ഹൈക്കമാന്‍ഡ്







