Newsskerala

ബേബി ജോൺ :


തൃശൂർ : സിപിഐ എം മുതിർന്ന നേതാവ്‌ ബേബിജോൺ (74) അന്തരിച്ചു. ഞായർ വൈകിട്ട്‌ 4.30ന്‌ തൃശൂരിലെ സൺ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി ഇവിടെ ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കൾ രാവിലെ 10മുതൽ 11വരെ സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിലും പകൽ 2.30വരെ പൂവത്തൂരിലെ വീട്ടിലും മൂന്നുമുതൽ മുനിസിപ്പൽ ഓഫീസ് പരിസരത്തും തുടർന്ന് ചാവക്കാട് ഹോചിമിൻ മന്ദിരത്തിലും പൊതുദർശനത്തിന്‌ വയ്‌ക്കും. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ ചാവക്കാട് പൊതുശ്മശാനത്തിൽ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, സംസ്ഥാന കമ്മിറ്റിയംഗം, തൃശൂർ ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, ചാവക്കാട്‌ ഏരിയ സെക്രട്ടറി, സിഐടിയു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഉജ്വല പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. 2011ൽ മണലൂരിൽനിന്ന്‌ നിയമസഭയിലേക്ക് മത്സരിച്ചു. കേരള ബീഡി ആൻഡ് സിഗാർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്‌ സെക്രട്ടറി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, സംസ്ഥാന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, കെഎസ്‌വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റ്‌ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. രണ്ടരമാസം ജയിലിലായി. 1971 മുതൽ ബ്ലാങ്ങാട് പിവിഎം എൽപി സ്കൂളിൽ അധ്യാപകനായിരുന്നു. 1991ൽ സർവീസിൽനിന്ന്‌ സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരവര്‍ഷം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ചാവക്കാട് നഗരസഭയുടെ ആദ്യ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. 1988ൽ വീണ്ടും കൗൺസിലറായി. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനാണ്‌. ഭാര്യ: പരേതയായ ഷീല. മക്കൾ: മാനവൻ (ഗൾഫ്‌), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണ ബാങ്ക്)‍. മരുമക്കൾ: ജ്യോതി, സ‍ൗമ്യ, അനിൽ.
സംസ്‌കാരം തിങ്കൾ വെൈകിട്ട്‌ 4ന്‌ ചാവക്കാട്‌ പൊതു ശ്‌മശാനത്തിൽ

Leave a Comment

Your email address will not be published. Required fields are marked *