ഫിലാഡല്‍ഫിയ: ആദ്യ മത്സരത്തില്‍ മൊറോക്കോക്കെതിരേ സമനിലക്കുരുക്കില്‍ വീണ ബ്രസീല്‍ ശനിയാഴ്ച രണ്ടാം മത്സരത്തിനിറങ്ങുന്നു. വിജയിച്ച് മൂന്നുപോയിന്റും സ്വന്തമാക്കി നില ഭദ്രമാക്കാനാകും കാര്‍ലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റെയും ശ്രമം. ഫിഫ റാങ്കിങ്ങില്‍ ബ്രസീല്‍ ആറാമതും ഹെയ്ത്തി 83-ാമതുമാണ്. സി ഗ്രൂപ്പില്‍ മൂന്നു പോയിന്റോടെ സ്കോട്ട്ലന്ഡാണ് മുന്നില്‍. ഒരു പോയിന്റ് വീതമുള്ള മൊറോക്കോ രണ്ടാമതും ബ്രസീല്‍ മൂന്നാമതുമാണ്. ഹെയ്ത്തിക്ക് പോയിന്റൊന്നുമില്ല.
ആദ്യ മത്സരത്തില്‍ നിറംമങ്ങിയ ബ്രസീലിന് ഓര്‍ത്തുവെക്കാനുള്ളത് വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ മാത്രമാണ്. ഒരു ജയമില്ലെങ്കില്‍ ബ്രസീലിന്റെ നില പരുങ്ങലിലാകും. ഗ്രൂപ്പ് ലീഡര്‍മാരായ സ്കോട്ട്ലന്ഡിനെതിരേയാണ് ബ്രസീലിന്റെ അവസാന മത്സരം.നെയ്മര്‍ ഇന്നും കളിക്കില്ല.
ബ്രസീലിനോട് തോല്‍ക്കുകയും മൊറോക്കോ സ്കോട്ട്ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അവസാന മത്സരത്തിനു മുന്‍പുതന്നെ ഹെയ്ത്തിയുടെ വഴിയടയും. മുന്‍പ് ഇരു ടീമുകളും മൂന്നുതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. മൂന്നുതവണയും ജയം ബ്രസീലിനൊപ്പമായിരുന്നു. 17 ഗോളാണ് ബ്രസീല്‍ അടിച്ചുകയറ്റിയത്. വഴങ്ങിയതാകട്ടെ, ഒന്നുമാത്രം. 2016-ലെ കോപ്പ അമേരിക്കയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ 7-1ന് വിജയിച്ചിരുന്നു.1974-നുശേഷം ആദ്യമായാണ് ഹെയ്ത്തി ലോകകപ്പിനു യോഗ്യത നേടുന്നത്. അതുകൊണ്ടുതന്നെ സാധാരണ ലോകകപ്പ് വരുമ്പോള്‍ ഹെയ്ത്തിക്കാരെല്ലാം ബ്രസീലിനെയാണു പിന്തുണച്ചിരുന്നത്. ഇത്തവണ പക്ഷേ, അവരെല്ലാം ഹെയ്ത്തിക്കു വേണ്ടി ആര്‍പ്പുവിളിക്കും.















