Newsskerala

ആതിഥേയരായ മെക്‌സിക്കോയ്ക്ക് രണ്ടാം ജയം

സപോപാന്‍(മെക്സിക്കോ): ലോകകപ്പില്‍ മെക്‌സിക്കോയ്ക്ക്് രണ്ടാം വിജയം. ഇതോടെ റൗണ്ട് ഓഫ് 32 വിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ മെക്സിക്കോ. ഗ്രൂപ്പ് എ യില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചാണ് മെക്സിക്കോ അടുത്ത റൗണ്ടിലേക്കെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ലോകകപ്പിലെ മെക്സിക്കോയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മെക്സിക്കോ തോല്‍പ്പിച്ചിരുന്നു. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുപോയിന്റാണ് മെക്സിക്കോയ്ക്കുള്ളത്. കൊറിയ മൂന്നുപോയന്റോടെ രണ്ടാമതുണ്ട്. ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്.

ജയിക്കുന്നവര്‍ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നതിനാല്‍ കടുത്ത മത്സരമായിരുന്നു തുടക്കം മുതല്‍. ഇരുടീമുകളും ശ്രദ്ധയോടെയാണ് കളിച്ചത്. മെക്സിക്കോയായിരുന്നു കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിച്ചത്. കൊറിയന്‍ പെനാല്‍റ്റി ബോക്സിലേക്ക് നിരന്തരം ആക്രമണങ്ങളും നടത്തി. കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യുങ് ഗ്യുവിന്റെ കൃത്യമായ ഇടപെടലുകളാണ് ടീമിനെ രക്ഷിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സണ്‍ ഹ്യുങ് മിന്‍ അടക്കമുള്ള കൊറിയന്‍ മുന്നേറ്റനിര മെക്സിക്കോ പ്രതിരോധത്തെ പരീക്ഷിച്ചു.

ഗോളിലേക്ക് എത്തിക്കാന്‍ പോന്ന നീക്കങ്ങള്‍ നടത്താനാവാതെ വന്നതോടെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു. ലോകകപ്പില്‍ കഴിഞ്ഞ 12 മത്സരങ്ങളില്‍ മെക്സിക്കോ ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയിട്ടില്ല. അത് തുടരാന്‍ മെക്സിക്കോയ്ക്ക് സാധിച്ചു. 2010-ല്‍ അര്‍ജന്റീനയ്ക്കെതിരേയാണ് അവസാനമായി ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയത്.രണ്ടാം പകുതിയില്‍ ഗോളടിക്കാനുറച്ചാണ് ടീമുകള്‍ കളത്തിലിറങ്ങിയത്. 50-ാം മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യഗോളുമെത്തി. മെക്സിക്കോ ലൂയിസ് റോമോയിലൂടെ വലകുലുക്കി. കൊറിയന്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഉയര്‍ന്നുവന്ന പന്ത് കൊറിയന്‍ ഗോളി കിം സ്യുങ് ഗ്യു ആദ്യം കൈപ്പിടിയിലാക്കിയെങ്കിലും സഹതാരവുമായി കൂട്ടിയിടിച്ചതോടെ പന്ത് കൈവിട്ടു. അത് റോമോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മെക്സിക്കോ പിന്നെയും മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 75-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്നുള്ള റൗള്‍ ജിമെനെസിന്റെ തകര്‍പ്പന്‍ ഷോട്ട് കൊറിയന്‍ ഗോളി തട്ടിയകറ്റി. 87-ാം മിനിറ്റില്‍ചോ ഗ്യൂസങ്ങിന്റെ ഗോളെന്നുറച്ച ഹെഡര്‍ അവിശ്വസനീയമാംവിധമാണ് മെക്സിക്കന്‍ ഗോളി റൗള്‍ റെയ്ഞ്ചല്‍ തട്ടിയകറ്റിയത്. കൊറിയയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ കൂടി പ്രതിരോധിച്ചതോടെ മെക്സിക്കോ ജയത്തോടെ മടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *