തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ നിരസിച്ചു. 2020 ല്‍ ആണ് ബിനീഷിന്റെ അംഗത്വം മരവിപ്പിച്ചത്. 2001 മുതല്‍ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. ബിനീഷ് ലഹരിക്കേസില്‍ അറസ്റ്റിലായതോടെയാണ് സിപിഎം അംഗത്വം മരവിപ്പിച്ചത്. 2023-ല്‍ ബിനീഷ് കേസില്‍ നിന്ന് പൂര്‍ണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാന്‍ ബിനീഷ് നാലു തവണ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃത്വം തുടര്‍ച്ചയായി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.
ബിനീഷിനെ മാറ്റി നിര്‍ത്തുന്നത് എന്തിനെന്ന ചോദ്യം കഴിഞ്ഞ ദിവസം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാര്‍ട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് ഉയര്‍ന്ന ചോദ്യം. ആലോചിച്ച് തീരുമാനം എടുക്കാം എന്ന് മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്.














