തൃശൂര്‍: അയ്യന്തോള്‍ കളക്ടറേറ്റില്‍ അസഹ്യമായ ദുര്‍ഗന്ധം പരത്തി ചേരക്കോഴികളുടെ സാന്നിധ്യം. കളക്ടറേറ്റ് വളപ്പിലെയും പരിസരപ്രദേശങ്ങളിലും മരങ്ങളിലാണ് ചേരക്കോഴികള്‍ അഥവാ നീര്‍കാക്കകള്‍ തമ്പടിച്ചിരിക്കുന്നത്. പക്ഷി കാഷ്ഠവും, തീറ്റയുടെ അവശിഷ്ടങ്ങളും മൂലം മൂക്കുപൊത്തിയാണ് ജനം കളക്ടറേറ്റില്‍ എത്തുന്നത്. കാഷ്ഠമിടുന്നത് മൂലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കഴിയുന്നില്ല. നൂറുകണക്കിന് ചേരക്കോഴികളാണ് കളക്ടറേറ്റ് പരിസരം മലിനമാക്കുന്നത്.
നീര്‍കാക്കകള്‍ ചത്തുകിടന്ന് ചീഞ്ഞുനാറുന്നതും ഇവിടെ പതിവായിരിക്കുകയാണ്. തീറ്റയുടെ അവശിഷ്ടങ്ങളും, കാഷ്ഠവും മൂലം രോഗഭീതിയിലാണ് ജനം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് നീര്‍കാക്കകള്‍ കളക്ടറേറ്റ് പരിസരങ്ങളിലേക്ക് ചേക്കേറിയത്. കോള്‍പ്പാടങ്ങള്‍ക്ക് സമീപത്തെ മരങ്ങളിലായിരുന്നു നീര്‍കാക്കകള്‍ കാണപ്പെട്ടിരുന്നത്. പാടങ്ങള്‍ നികത്തുകയും, മരങ്ങളെല്ലാം വെട്ടിക്കളയുകയും ചെയ്തതോടെയാണ് നീര്‍കാക്കകള്‍ നഗരങ്ങളിലെ മരങ്ങളില്‍ സ്ഥിരസാന്നിധ്യമായത്. രാത്രിസമയങ്ങളിലാണ് നീര്‍കാക്കകള്‍ തീറ്റതേടിയിറങ്ങുന്നത്.
പരിസരം വൃത്തിഹീനമാക്കുന്ന നീര്‍കാക്കകളെ തുരത്താന്‍ നടപടി വേണമെന്ന് നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമാണ്.