Newsskerala

മൊബൈല്‍ ക്യാമറകള്‍ ചടങ്ങുകളില്‍ കൊണ്ടുചെല്ലുന്നവര്‍ക്കെതിരെ നടപടിയുമായി പോലീസ്

തിരുവനന്തപുരം: സ്വകാര്യചടങ്ങുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, വ്യക്തിപരമായ ദുഃഖങ്ങള്‍ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു. ഐടി നിയമം സെക്ഷന്‍ 66ഇ പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ കാണുന്നവര്‍ അതാത് പ്രദേശത്തെ പൊലീസിനെയോ സൈബര്‍ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മാന്യതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *