ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയില്‍ പെടുത്തിയ ഭീകരനാണ് അല്‍ ബദര്‍ എന്ന സംഘടനയിലെ അംഗമായ ഹംസ ബുര്‍ഹാന്‍. പുല്‍വാമ നിവാസിയായ ‘ഡോക്ടര്‍’ എന്നറിയപ്പെടുന്ന ഹംസ ബുര്‍ഹാനെ 2022-ല്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്
വ്യാഴാഴ്ച മുസാഫറാബാദില്‍വെച്ച് അജ്ഞാതരായ അക്രമികള്‍ ബുര്‍ഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകള്‍ ഏറ്റ ഹംസ ബുര്‍ഹാന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇന്ത്യയില്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധര്‍’ മോഡല്‍ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. സമീപകാലത്ത് പാക്കിസ്ഥാനിലും, പാക്ക് അധിനിവേശ കാശ്മീരിലുമായി സമാനമായി നിരവധി ഭീകരരെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
ലെത്‌പോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഇടിച്ചുകയറ്റിയാണ് ആക്രമിച്ചത്.














