Newsskerala

ഭാര്യയെ മര്‍ദിച്ചെന്ന പരാതി; ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവെച്ചു

തൃശൂര്‍: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്‍.ശ്രീകുമാര്‍ രാജിവെച്ചു. ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്. തന്റെ   ചോരയ്ക്കായി പലരും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദാഹിക്കുന്നുവെന്ന് എ.ആര്‍. ശ്രീകുമാര്‍ രാജിക്കത്തില്‍ പറയുന്നു. ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.

എ.ആര്‍. ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക മതിലകം പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദിച്ചുവെന്നാണ് പ്രിയങ്ക പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. സ്വന്തം വീട്ടില്‍ പോയ താന്‍ മടങ്ങിയെത്താന്‍ വൈകി എന്ന് ആരോപിച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസില്‍ നല്‍കിയ പരാതി.വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മതിലകം പോലീസ് സംഭവത്തില്‍ കേസെടുത്തെങ്കിലും ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.എന്നാല്‍, ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാറിനെതിരെ ഭാര്യ വീണ്ടും പരാതി നല്‍കി. വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ അറസ്റ്റ് ചെയ്തു.

ശ്രീകുമാറിന്റെ  ഭാര്യ പ്രിയങ്ക മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. താന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അജ്ഞാതരായ രണ്ടുപേര്‍ കൂടി എത്തി അമ്മയെ ഭീഷണിപ്പെടുത്തിയതായും പ്രിയങ്ക പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *