ദില്ലി: അമേരിക്കയും ഇറാനും തമ്മില്‍ താല്‍ക്കാലിക സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറായി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറിലുമെത്തി. ഇറാന്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വില നേരിയ തോതില്‍ ഉയര്‍ന്നെങ്കിലും കരാര്‍ ഒപ്പുവെച്ചെന്ന് വ്യക്തമായതോടെ വില കുത്തനെ ഇടിയുകയായിരുന്നു.
യുദ്ധകാലത്ത് 114 ഡോളര്‍ വരെ ഉയര്‍ന്നിടത്തു നിന്നാണ് വില 75 ഡോളറിലേക്ക് താഴുന്നത്. യുഎസും ഇറാനും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ 60 ദിവസത്തെ ചര്‍ച്ചാ കാലാവധി ഉണ്ടാകും. ഈ സമയത്ത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നികുതികളില്ലാതെ ഇറാന്‍ അനുവദിക്കും. 30 ദിവസത്തിനുള്ളില്‍ ഈ പാതയിലൂടെയുള്ള എണ്ണ-വാതക ഗതാഗതം പൂര്‍ണ്ണ ശേഷിയില്‍ പുനഃസ്ഥാപിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. എണ്ണ വിപണി സജീവമാകുന്നതോടെ ക്ഷാമം മാറും.
















