കൊടുങ്ങല്ലൂര്‍: ഗാര്‍ഹിക പീഡന പരാതി നല്‍കിയ ഭാര്യയെ ആളെ വിട്ട് ഭീഷണിപ്പെടുത്തിയ ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റ് എ. ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കാട്ടി ഭാര്യ നല്‍കിയ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭര്‍ത്താവിനെതിരെയുള്ള പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ്, ശ്രീകുമാറിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. ആദ്യത്തെ കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ നിലവില്‍ അറസ്റ്റ് ചെയ്യരുതെന്ന് സെഷന്‍സ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് ഗുണ്ടയെ വിട്ട് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശ്രീകുമാറിനെതിരെ രണ്ടാമതും കേസെടുത്തിരിക്കുന്നത്.
ഗുണ്ടയെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി; ബിജെപി തൃശൂര്‍ ജില്ലാനേതാവിനെതിരെ വീണ്ടും കേസ്
















