Newsskerala

തറവാട്ടിലേക്ക് മടക്കം: പത്മജ കെപിസിസിക്ക് ഉടന്‍ കത്ത് നല്‍കില്ല

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ  കോണ്‍ഗ്രസ് പ്രവേശനത്തില്‍ അനിശ്ചിതത്വം. പത്മജയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പ്് ശക്തമാണ്.  ബിജെപിയിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരുത്തിപ്പറയണമെന്നാണ് ആവശ്യം. യുവ നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്ന കാര്യത്തില്‍ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് പത്മജ. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടന്‍ കത്ത് നല്‍കില്ല. എതിര്‍പ്പുകള്‍ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടുന്ന മുറക്ക് ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയില്‍ തിരികെയെത്തിയാലും പദവികള്‍ നല്‍കുന്നത് വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേയുണ്ടാകു.
പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. ‘കോണ്‍ഗ്രസിനെ വഞ്ചിച്ചവരും ഒറ്റു കൊടുത്തവരും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമത്തിലാണ്. ചെങ്കൊടിയും താമരയും തേടിപ്പോയവര്‍ അധികാരത്തിന്റെ തേന്‍ നുകരാന്‍ ശ്രമിച്ച വര്‍ഗ്ഗവഞ്ചകരാണ്. വര്‍ഗീയത പറഞ്ഞും നേതാക്കളെ ആക്ഷേപിച്ചും ഇവര്‍ കോണ്‍ഗ്രസിനെ ആക്രമിച്ചു. ഇവരെ സ്വീകരിക്കാന്‍ ബൊക്കയുമായി കാത്തിരിക്കുന്നവര്‍ ഒരു മോഹങ്ങളുമില്ലാതെ ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുത്ത സാധാരണ പ്രവര്‍ത്തകരെക്കൂടി ഓര്‍ക്കണം’. എന്നാണ് നിജേഷ് അരവിന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ബിജെപി വിട്ടു എന്നതുകൊണ്ട് മാത്രം പത്മജ വേണുഗോപാലിനെ ഇകഴ്ത്തി പറയേണ്ട കാര്യമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ പത്മജയെ സ്വാധീനിച്ചിരിക്കാമെന്നും അവര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *