തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).
പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിജയാശംസകൾ നേർന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ 3ന് ആരംഭിച്ച് ഏപ്രിൽ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് തുടങ്ങി 26ന് അവസാനിക്കും. മൂല്യനിർണയ ക്യാംപുകളിലേക്കുള്ള അഡിഷനൽ ചീഫ് എക്സാമിനർമാരുടെയും അസിസ്റ്റൻറ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും.