Newsskerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: ഓർഡിനറി ബസുകളിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ മന്ത്രിസഭായോഗത്തിലുണ്ടാകും. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം മറ്റ് ബസുകളിലേക്കും നടപ്പാക്കും.
മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. അതേസമയം കെഎസ്ആര്‍ടിസിക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആദ്യ 100 ദിനം പദ്ധതിയെക്കുറിച്ച് പഠിക്കും പിന്നീട് രണ്ടാം ഘട്ടം നടപ്പാക്കും.

ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നത് വരുമാന നഷ്ടത്തിനു കാരണമാകുമെന്ന് കെഎസ്ആര്‍ടിസി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.
സൗജന്യ യാത്ര അനുവദിക്കുന്നതോടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓര്‍ഡിനറി ബസുകളില്‍ മാത്രം പദ്ധതി നടപ്പാക്കുമ്പോള്‍ പ്രതിമാസം ഏകദേശം 57 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്. 15ന് പദ്ധതി ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *